International
ദാവോസ്: ഇറക്കുമതി തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്നിന്നുമാണ് ട്രംപ് പിന്മാറിയത്. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നയതന്ത്രപരമായ ചുവടുമാറ്റം.
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറിൽ തീരുമാനമായില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ നികുതി 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ദൈവപുത്രനെ ഗർഭം ധരിക്കാനുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ തീരുമാനം മനുഷ്യരാശിയുടെ ഗതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥകൂടിയായ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ എട്ടിനു പുറത്തിറക്കിയ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് സന്ദേശം പുറത്തിറക്കുന്നത്. “എല്ലാ അമേരിക്കക്കാരും ഡിസംബർ എട്ടിന് യേശുവിന്റെ അമ്മയും ബൈബിളിലെ ഏറ്റവും വലിയ വ്യക്തികളിൽ ഒരാളുമായ മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവയെ ആദരിക്കുന്ന ഒരു വിശുദ്ധ ദിനമായി ആഘോഷിക്കുന്നു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാമത് മഹത്തായ വർഷത്തിലേക്ക് നാം അടുക്കുമ്പോൾ, രാജ്യത്തു സമാധാനം, പ്രത്യാശ, സ്നേഹം എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കന്യകാമറിയത്തിന്റെ പങ്കിനെ പൂർണഹൃദയത്തോടെ അംഗീകരിക്കുകയും നന്ദി പറയുകയും ചെയ്യുന്നു’’- ട്രംപ് സന്ദേശത്തില്‍ കുറിച്ചു.
1792ൽ വിപ്ലവയുദ്ധം അവസാനിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ, അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പുവച്ച ഏക കത്തോലിക്കനായ ചാൾസ് കരോളിന്റെ ബന്ധുവും അമേരിക്കയിലെ പ്രഥമ കത്തോലിക്കാ ബിഷപ്പുമായ ജോൺ കരോൾ രാഷ്ട്രത്തെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ചിരുന്നു.
കാൽ നൂറ്റാണ്ടിനുള്ളിൽ ന്യൂ ഓർലിയൻസിലെ ക്ലൈമാക്സ് യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരേ ജനറൽ ആൻഡ്രൂ ജാക്സൺ നേടിയ അത്ഭുതകരമായ വിജയം ദൈവമാതാവിന്റെ ഇടപെടലാണെന്ന് അമേരിക്കക്കാർ വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് അനുസ്മരിച്ചു.
വിശ്വാസികൾക്ക് പ്രത്യാശയുടെയും കൃപയുടെയും പ്രചോദനത്തിന്റെയും പ്രതീകമായി ദൈവമാതാവ് നിലകൊള്ളുകയാണെന്നും മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവ ബഹുമാനിക്കപ്പെടേണ്ട പുണ്യങ്ങളാണെന്നും ട്രംപ് പറഞ്ഞു.
എലിസബത്ത് ആൻ സെറ്റൺ, ഫ്രാൻസിസ് സേവ്യർ കാബ്രിനി, ഫുൾട്ടൺ ഷീൻ തുടങ്ങിയ അമേരിക്കൻ ഇതിഹാസങ്ങൾ മറ്റുള്ളവരുടെ സേവനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ജീവിതം ചെലവഴിച്ചിട്ടുണ്ടെന്നും കാലങ്ങളായി ദൈവമാതാവിനോട് ആഴമായ ഭക്തി പുലർത്തുന്നുണ്ടെന്നും ട്രംപ് സന്ദേശത്തില്‍ കുറിച്ചു.
‘നന്മ നിറഞ്ഞ മറിയമേ..’എന്ന പ്രാർഥനയോടെയാണു ട്രംപിന്റെ സന്ദേശം സമാപിക്കുന്നത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നവമാധ്യമങ്ങളിലും സന്ദേശം പങ്കുവച്ചിട്ടുണ്ട്. മാതാവിന്റെ അമലോത്ഭവ തിരുനാൾദിനമായ ഡിസംബർ എട്ട് അമേരിക്കയിലെ ക്രൈസ്തവസ്ഥാപനങ്ങൾക്ക് അവധിദിനമാണ്.
ജോൺ എഫ്. കെന്നഡി, ജോ ബൈഡൻ തുടങ്ങിയ കത്തോലിക്കരായ പ്രസിഡന്റുമാരിൽനിന്നുപോലും ഉണ്ടാകാത്ത ഒരു സന്ദേശം പ്രോട്ടസ്റ്റന്റ് വിഭാഗമായ പ്രെസ്ബിറ്റേറിയൻ സഭയിൽപ്പെട്ട ട്രംപിൽനിന്നുണ്ടായത് അമേരിക്കയിലെ കത്തോലിക്കാവിശ്വാസികൾക്കിടയിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിനു സമീപം അഫ്ഗാൻ പൗരൻ നടത്തിയ വെടിവയ്പിൽ പരിക്കേറ്റ രണ്ടു നാഷണൽ ഗാർഡ് സൈനികരിൽ ഒരാൾ ആശുപത്രിയിൽ മരിച്ചു. സാറാ ബാക്ക്സ്റ്റോം എന്ന ഇരുപതുകാരിയാണു മരിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു.
ഇതിനു പിന്നാലെ ‘മൂന്നാംലോകരാജ്യങ്ങളി’ൽനിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവയ്ക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു. മൂന്നാം ലോകരാജ്യങ്ങളെന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
മുൻ പ്രസിഡന്റ് ജോ ബൈഡൻ നിയമവിരുദ്ധമായി ദശലക്ഷങ്ങൾക്ക് അനുവദിച്ച അഭയം റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ആവശ്യമില്ലെന്നു കണ്ടെത്തുന്നവരെ പുറത്താക്കും. അമേരിക്കൻ പൗരത്വമില്ലാത്തവർക്കു ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും നിഷേധിക്കും. സുരക്ഷാഭീഷണി ഉയർത്തുന്നതും പാശ്ചാത്യ സംസ്കാരവുമായി ഒത്തുപോകാത്തതുമായ കുടിയേറ്റക്കാരെ അമേരിക്കയിൽനിന്നു പുറത്താക്കുമെന്നും ട്രംപ് അറിയിച്ചു.
റഹ്മത്തുള്ള ലഖൻവാൾ എന്ന ഇരുപത്തൊന്പതുകാരനാണു ബുധനാഴ്ച നാഷണൽ ഗാർഡ് സൈനികരെ ആക്രമിച്ചത്. ഇയാളെ വെടിവച്ചുവീഴ്ത്തി പിടികൂടുകയായിരുന്നു. അഫ്ഗാൻ അധിനിവേശക്കാലത്ത് ചാരസംഘടനയായ സിഐഎയ്ക്കു സഹായം നല്‍കിയതിന്റെ പേരിലാണ് ഇയാൾക്ക് അമേരിക്ക അഭയം അനുവദിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നതു നിർത്തിവച്ചതായി ട്രംപ് ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിലെ തീവ്രവാദ വിരുദ്ധ നയങ്ങളിൽ സുപ്രധാന മാറ്റം വരുത്തിക്കൊണ്ട് മുസ്ലിം ബ്രദർഹുഡിനെ ഒരു വിദേശ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ടു.
ഈ സംഘടനയുടെ വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും പാശ്ചാത്യ രാഷ്ട്രീയത്തിലെ സ്വാധീനം വിപുലീകരിക്കുന്നതിനെക്കുറിച്ചുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
റിപ്പബ്ലിക്കൻ നിയമനിർമാതാക്കളും ദേശീയ സുരക്ഷാ ഗവേഷണ സ്ഥാപനങ്ങളും ഇസ്ലാമിസ്റ്റ് നെറ്റ്വർക്കുകൾക്കെതിരേ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.
ബ്രദർഹുഡിന്റെ രാഷ്ട്രീയ ഘടനയും പ്രാദേശിക സഖ്യങ്ങളും യുഎസ് താത്പര്യങ്ങൾക്കും ജനാധിപത്യ സ്ഥിരതയ്ക്കും വെല്ലുവിളിയാണെന്ന് അവർ വാദിക്കുന്നു. അടുത്തിടെ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് മുസ്ലിം ബ്രദർഹുഡിനെയും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിനെയും സംസ്ഥാനതലത്തിൽ വിദേശ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു.
ഈ ഫെഡറൽ നീക്കം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഈ പുതിയ നിലപാടിന്റെ പ്രതിഫലനമാണ്. ഒരു ഫെഡറൽ എഫ്ടിഒ പദവി ലഭിച്ചാൽ, ഈ സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത് ക്രിമിനൽ കുറ്റമാക്കും.
യുഎസിലും വിദേശത്തുമുള്ള ബന്ധപ്പെട്ട ശൃംഖലകൾക്ക് സാമ്പത്തിക നിരീക്ഷണവും നിയന്ത്രണങ്ങളും വർധിപ്പിക്കും. മുസ്ലിം ബ്രദർഹുഡിന് രാഷ്ട്രീയ സ്വാധീനമുള്ള പ്രധാന മിഡിൽ ഈസ്റ്റേൺ പങ്കാളികളുമായുള്ള യുഎസ് ബന്ധത്തെ ഇത് ബാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പ് രാജ്യത്തിനും മനുഷ്യരാശിക്കുമെതിരേയുള്ള കുറ്റകൃത്യമാണെന്ന് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ആക്രമണത്തെ ഭീകരപ്രവർത്തനമെന്നും അക്രമിയെ മൃഗം എന്നും വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു.
500 നാഷണൽ ഗാർഡുകളെ സംഭവ സ്ഥലത്ത് അധികമായി വിന്യസിച്ചു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവയ്പ്പിൽ ഗുരുതരപരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ താനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. ഇയാൾ അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.
International
ലണ്ടൻ: തെറ്റിദ്ധാരണ ജനിപ്പിക്കും വിധം തന്റെ പ്രസംഗം എഡിറ്റ് ചെയ്ത ബിബിസി ചാനലിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നിയമനടപടികൾ സ്വീകരിക്കാൻ തനിക്ക് ബാധ്യതയുണ്ടെന്നാണ് അദ്ദേഹം ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞത്.
കഴിഞ്ഞ വർഷത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പായി ബിബിസി സംപ്രേഷണം ചെയ്ത ഡോക്കുമെന്ററിയിലാണ് വിവാദ എഡിറ്റിംഗ് നടന്നത്.
കാപ്പിറ്റോൾ കലാപത്തിനു ട്രംപ് ആഹ്വാനം ചെയ്തു എന്നു വരുത്തിത്തീർക്കും വിധം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു.
സംഭവത്തിൽ ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താവിഭാഗം സിഇഒ ദബോറ ടേണേഴ്സും ഇക്കഴിഞ്ഞ ഞായറാഴ്ച രാജിവച്ചിരുന്നു.
ബിബിസി നൂറു കോടി ഡോളർ നഷ്ടപരിഹാരം നല്‍കിയില്ലെങ്കിൽ നിയമനടപടികൾ ആരംഭിക്കുമെന്നു ചൂണ്ടിക്കാട്ടി ട്രംപിന്റെ അഭിഭാഷകർ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് പരിശോധിച്ചുവരികയാണെന്നാണ് ബിബിസി അറിയിച്ചത്.
International
വാഷിംഗ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. അമേരിക്ക മുൻപ് തലയ്ക്ക് 10 ദശലക്ഷം ഡോളർ വിലയിട്ട അൽ ഖ്വയ്ദ മുൻ കമാൻഡറാണ് അഹമ്മദ് അൽ ഷാര എന്നത് കൂടിക്കാഴ്ചയെ ശ്രദ്ധേയമാക്കിയിരുന്നു.
വൈറ്റ് ഹൗസിലായിരുന്നു ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച. 1946ൽ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു സിറിയൻ രാഷ്ട്രത്തലവൻ ആദ്യമായാണ് വൈറ്റ് ഹൗസിലെത്തുന്നത്.
സിറിയയെ ദീര്‍ഘകാലം നയിച്ച ബഷാര്‍ അല്‍ അസാദിനെ, കഴിഞ്ഞ വര്‍ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് അൽ ഷാര അധികാരം സ്വന്തമാക്കിയത്. ട്രംപും അൽ ഷാരയും മേയിൽ സൗദിയിൽവച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. അൽ ഷാരയെ പോരാളിയെന്നാണ് ട്രംപ് ആ കൂടിക്കാഴ്ചയിൽ വിശേഷിപ്പിച്ചത്.
2000ത്തിനു ശേഷം യുഎസും സിറിയയും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അത്. അൽ ഷാരയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ലോകസമാധാനത്തിനായി പ്രസിഡന്റിന്റെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
സിറിയയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ സീസർ ആക്ട് ട്രംപ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്ഥിരമായി പിൻവലിക്കണമെങ്കിൽ യുഎസ് കോൺഗ്രസ് നിയമം പാസാക്കേണ്ടിവരും. ഐഎസിനെതിരേ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേരുന്ന കരാറിൽ അൽ ഷാര ഒപ്പുവച്ചേക്കും.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശക്തമായ എതിർപ്പിനെ അതിജീവിച്ച് അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായ സൊഹ്റാൻ മംദാനിക്ക് ഭീഷണിയുമായി ട്രംപ്. വാഷിംഗ്ടണുമായി സഹകരിച്ചില്ലെങ്കിൽ മംദാനിക്ക് ഏറെ നഷ്ടങ്ങളുണ്ടാവുമെന്നാണ് ബുധനാഴ്ച ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മംദാനിക്ക് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. വാഷിംഗ്ടണിനോട് ബഹുമാനം പുലർത്തിയാൽ മാത്രമാകും ന്യൂയോർക്ക് നഗരത്തിന് വിജയകരമായ രീതിയിൽ മുന്നോട്ട് പോകാൻ ആവശ്യമായ ധനസഹായം ഉണ്ടാവൂവെന്നാണ് ട്രംപിന്റെ ഭീഷണി.
ന്യൂയോർക്കുകാർ മംദാനിയെ തെരഞ്ഞെടുത്തതോടെ അമേരിക്കയ്ക്ക് പരമാധികാരം നഷ്ടമായെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. അത് നമുക്ക് കൈകാര്യം ചെയ്യാമെന്നായിരുന്നു ട്രംപ് കൂട്ടിച്ചേർത്തത്. എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് ട്രംപ് വിശദമാക്കിയിരുന്നില്ല.
International
വാഷിംഗ്ടൺ ഡിസി: ഏഷ്യാ പര്യടനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മലേഷ്യയിലേക്കു യാത്രയാരംഭിച്ച ട്രംപ് വിമാനത്തിൽ മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറയുകയായിരുന്നു.
അഞ്ചു ദിവസം നീളുന്ന ട്രംപിന്റെ പര്യടനത്തിൽ ജപ്പാനും ദക്ഷിണകൊറിയയും ഉൾപ്പെടുന്നു. ഇന്ന് അദ്ദേഹം മലേഷ്യയിലെ ക്വാലാലംപുരിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും.
ഒന്നാം ഭരണകാലത്ത് ട്രംപ് മൂന്നുവട്ടം കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
NRI
ലണ്ടൻ: രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ലണ്ടനിൽ എത്തി. ഇന്ന് വിൻഡ്സർ കാസിലിൽ ചാൾസ് രാജാവും രാജ്ഞി കമിലയുമായി കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായും ചർച്ച നടത്തും. ട്രംപിനെതിരേ പ്രതിഷേധങ്ങൾ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിൻഡ്സർ കാസിലിൽ ട്രംപിനും മെലാനിയക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
എയർഫോഴ്സ് വൺ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലത്തിയ ട്രംപിനെ യുകെയിലെ യുഎസ് അംബാസഡർ വാറൻ സ്റ്റീഫൻസും രാജാവിന്റെ ലോർഡ്- ഇൻ- വെയിറ്റിംഗ് വിസ്കൗണ്ട് ഹെൻറി ഹുഡും ചേർന്ന് സ്വീകരിച്ചു.
NRI
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യക്ക് നീതി ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. കൊല നടത്തിയ ക്യൂബക്കാരൻ അമേരിക്കയിലെത്താൻ പാടില്ലായിരുന്നു.
കസ്റ്റഡിയിലുള്ള കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഡാളസിൽ ഹോട്ടൽ മാനേജരായിരുന്ന നാഗമല്ലയ്യയെ ജോലിക്കാരനും ക്യൂബക്കാരനുമായ കോബോസ് മാർട്ടിനസ് കഴുത്തറത്ത് കൊല്ലുകയായിരുന്നു.
അറസ്റ്റിലായ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇയാളെ അമേരിക്കയിൽനിന്ന് നാടുകടത്താൻ യുഎസ് കുടിയേറ്റവകുപ്പ് ആലോചിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.